മന്ഥരാഗിരി താഴ്‌വര
എന്നത്തേയും പോലെയൊരു ഞായറാഴ്ച . രാവിലെ 10 മണിക്ക് എഴുന്നേൽക്കുന്നു. ഫുഡ് അടിക്കുന്നു , ടിവിയുടെ മുന്നിൽ ഇരിക്കുന്നു. പുതുവത്സര ദിനം മുതൽ, ഫോൺ കേടായതു കൊണ്ടും , ഞാൻ ഡിജിറ്റൽ ഡീറ്റോക്സ് മോഡ് ഇൽ ആയതു കൊണ്ടും ഫോണിൽ തോണ്ടി ഇരിക്കുന്ന പണിയില്ല. വാട്ട് സാപ്പ് ഇല്ല, ഇൻസ്റ്റായില്ല , പുതുതായി വാങ്ങിയ നോക്കിയ 105 ഇൽ മ്മെളെ പാമ്പു ആപ്പിൾ തിന്നുന്ന ഗെയിം ആണ് ഇപ്പോളുള്ള ടൈംപാസ്സ്.
വണ്ടികൾ എല്ലാം ഒന്ന് വാഷ് ചെയാം എന്ന് വിചാരിച്ചു, നമ്മൾ രണ്ടും കാർ പോർച്ചിലേക്ക് പോയി. കാറും ബുള്ളറ്റും നല്ല രീതിയിൽ തന്നെ കുളിപ്പിച്ചു കുട്ടപ്പന്മാരാക്കി വെച്ചു.
മീനോ മറ്റു വല്ലതുമോ വാങ്ങിയില്ലെങ്കിൽ ഉച്ചയ്ക്ക് കഴിക്കാൻ വെറും ചോർ മാത്രമേ ഉണ്ടാവു എന്ന് അശരീരി ഇടയ്ക്കിടെ കേൾക്കുന്നുണ്ട് . അങ്ങനെ ,എന്തെങ്കിലും വാങ്ങി വരാം എന്ന തീരുമാനിച്ചു .സമയം ഏതാണ്ട് രണ്ടു മണി ആയപ്പോ ഞങ്ങൾ രണ്ടു പേരും ഇറങ്ങി. കഴുകി തുടച്ചു വെച്ച ബുള്ളറ്റ് എടുത്തു പുറത്തെ പൊടിയിലേക്ക് ഇറങ്ങിയപ്പോൾ , “എന്ത് പ്രഹസനമാണെടോ മുതലാളി ‘ എന്ന് ബുള്ളറ്റ് എന്നോട് ചോദിച്ച പോലെ തോന്നി.
മീൻ കടയും , കോഴി കടയും പിന്നിട്ട പോകുന്നത് കണ്ടപ്പോ അശരീരിയുടെ ടോൺ മാറി തുടങ്ങി. കാര്യമാക്കാതെ ഞാൻ നേരെ വണ്ടി നിർത്തിയത് , ഓഫീസിനു സമീപത്തെ ഹോട്ടൽ KARAVALI യിൽ ആണ്.
മംഗലാപുരം/കരാവലി സ്റ്റൈൽ ഫുഡ് അടിക്കണമെങ്കിൽ ഇങ്ങനത്തെ സ്ഥലം തനിയേ ഉള്ളു. ബോയ്ൽഡ് റൈസ് , അഞ്ചൽ മസാല ഫ്രൈ , തവ മതി ഫ്രൈ ഓർഡർ ചെയ്തു. 5 മിനിറ്റ് താമസം, എല്ലാം ടേബിളിൽ എത്തി. അഞ്ചൽ അഥവാ അയക്കോറ കഴിച്ചപ്പോൾ, എന്നത്തേയും പോലെ തന്നെ മനസ്സിൽ ആലോചിച്ചു ‘ഇവർക്ക് ഇത്രയും ഫ്രഷ് ആയ മീൻ എവിടെ നിന്നാണ് കിട്ടുന്നത് എന്ന് ” . ഒരു രക്ഷയുമില്ല. പൊളി എന്ന് തന്നെ പറയണം.
അങ്ങനെ ഉച്ചയൂണു കഴിഞ്ഞു , ഇനിയെന്ത് എന്ന് ചോദ്യം വന്നു,സാധനങ്ങൾ വാങ്ങി തിരിച്ചു പോകാമെന്നു പറഞ്ഞപ്പോൾ, അവൾ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല .വീട്ടിലേക്ക് പോകേണ്ട, വേറെ എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളാൻ. കുറെ സ്ഥലങൾ പെൻഡിങ്ങിൽ ഉള്ളത് കൊണ്ട് ഒരു സ്ഥലം ഫിക്സ് ചെയാൻ പറ്റുന്നില്ല. ഞാൻ വണ്ടിയെടുത്തു ലക്ഷ്യമേയില്ലാതെ ഓടിക്കാൻ തുടങ്ങി. വണ്ടിയുടെ പൊല്യൂഷൻ സെര്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിരിക്കാന്, ആദ്യം അത് ചെയാമെന്ന കരുതി, പെട്രോൾ പമ്പിലേക്ക് പോയി .പക്ഷെ അത് തുറന്നിട്ടില്ല . അവിടെ നിർത്തിയിട്ടിരുന്ന ഒരു ജൈന സമുദായക്കാരുടെ വണ്ടി കണ്ടപ്പോളാണ് , തുംകൂറിനു സമീപമുള്ള മന്ഥരാഗിരി ഹിൽസ് ഇനി പറ്റി വായിച്ചത് ഓര്മ വന്നത്. വേറെ ഒന്നും ആലോചിച്ചില്ല.വണ്ടി തിരിച്ചു, റിങ് റോഡിലെ നൈസ് റോഡ് എക്സ്പ്രസ്വേ ടോൾ പ്ലാസയിലേക്ക്. 47 രൂപയാണ് ടു വീലറിന് തുംകൂർ എക്സിറ്റ് വരെയുള്ള ചാർജ്. നൈസ് റോഡിലൂടെ ഒരു ഡ്രൈവ് എന്നും ഒരു ഹരമാണ്. 120km/hr ആയിരുന്നു തുടക്കത്തിൽ ആ റോഡിലൂടെ ഉള്ള സ്പീഡ് ലിമിറ്റ്. ഇപ്പോൾ അത് 80km/hr ആക്കിയിരിക്കുന്നു.
10KM പിന്നിട്ടു ക്ലോവർ ലീഫ് എത്തി, അവിടെ നിന്ന് ഹൊസൂർ റോഡ് – തുംകൂർ റോഡിലേക്ക് കടന്നു. 51KM ആണ് ഹൊസൂർ റോഡ് മുതൽ മാടവര വരെ നീളുന്ന തുംകൂർ റോഡ് എക്സ്റ്റൻഷൻ ഇന്റെ നീളം. സംസ്ഥാനത്തെ/രാജ്യത്തെ തന്നെ രണ്ടു പ്രധാന ദേശിയ പാതകളെ ബന്ധിപ്പിച്ചാണ് ഈ എക്സ്റ്റൻഷൻ. വളവുകളും കയറ്റങ്ങളും ഇല്ലാതെ 6 വരി പാത.
കാറിൽ ആയിരുന്നെങ്കി പൊളിച്ചേനെ . വിചാരിക്കാതെ ഉള്ള ട്രിപ്പ് ആയതു കൊണ്ട് സാധാ ടി ഷിർട്ടിലാണ് യാത്ര. നല്ല വെയിൽ. ഞായറാഴ്ച ആയതു കൊണ്ടാവും , തിരക്ക് തീരെയില്ല. ഇരുചക്രങ്ങൾക്ക് പോകാൻ ലെയിൻ ഉള്ളത് കൊണ്ട് യാത്രയ്ക്ക് തടസങ്ങളൊന്നുമില്ല. അര മണിക്കൂർ കൊണ്ട് തുംകൂർ റോഡ് എക്സിറ്റ് എത്തി .
AH -47 ബാംഗ്ലൂർ പുണെ ഹൈവേ . നമ്മൾ യാത്ര തുടർന്നു. എവിടേക്കാണ് ഈ പോകുന്നത് എന്നുള്ള സ്ഥിരം ചോദ്യം വന്നു. ഞാൻ സ്ഥലം പറഞ്ഞു, അവളോട് ഗൂഗിൾ മാപ്പിൽ ദൂരം നോക്കാൻ പറഞ്ഞു. മന്ഥരാഗിരി ടെക്സ്റ്റിൽസിലേക്കാണോ , എന്നാൽ അധികം ദൂരമില്ലത്രേ. ഹോ.സമ്മതിച്ചു തന്നിരിക്കുന്നു! ഞാൻ ഫോൺ വാങ്ങി തിരയാൻ തുടങ്ങി. ഇനിയും ഉണ്ട് 45km.നാവിഗേഷൻ ചെയ്‌തു ബാറ്ററി കളയേണ്ട എന്നും പറഞ്ഞു ഞാൻ ഫോൺ തിരിച്ചു കൊടുത്തു. സംശയം ഉള്ളപ്പോൾ ഞാൻ പറയാം, അപ്പോൾ നോക്കിയാൽ മതിയെന്ന് ഞാൻ പറഞ്ഞു. പോകുന്ന വഴിയിൽ എല്ലാ ടോല്ൽ ബൂത്തുകളിലും നല്ല തിരക്ക്. കേരളത്തിൽ മാത്രമല്ല ഇവിടെയും ഫാസ്റ്റ് ടാഗ് യിലേക്ക് മാറിയവർ വളരെ കുറവെന്ന് തോന്നുന്നു.ക്യാഷ് ലെയ്നിൽ ആണ് തിരക്ക് അധികവും. T.BEGUR എത്തിയപ്പോളേക്കും ഭൂമിശാസ്ത്രമേ വ്യത്യാസമായി തുടങ്ങി. അങ്ങിങ്ങായി മലകളും, പാറക്കൂട്ടങ്ങളും. ഗ്രാമപ്രദേശങ്ങളിൽ ട്രാഫിക് റൂൾസ് ബാധകമല്ലെന്ന് തോന്നുന്നു. ബൈക്ക് ട്രാക്കിലൂടെ, എതിർ ദിശയിലൂടെ ഓട്ടോയും, കാളവണ്ടിയുമെല്ലാം വരുന്നു. ആരോട് പറയാൻ. നമ്മൾ ഒതുങ്ങി പോവുക തന്നെ. ശിവഗംഗെ എന്ന ബോർഡ് കണ്ടു. ഇൻസ്റ്റയിൽ പലപ്പോഴായി കണ്ട ഒരു സ്ഥലമാണ് അത്. ഒരു കുന്നും മുകളിൽ ഒരു വ്യൂ പോയിന്റും ഉണ്ട്.
ബാംഗ്ലൂരിന് സമീപ പ്രദേശങ്ങളിലായി ഒട്ടേറെ ഇത് പോലത്തെ സ്ഥലങ്ങൾ ഉണ്ട്. അധികവും ഈ ഒരു റൂട്ടിൽ ആണ്. ശിവഗംഗെ ,മന്ഥരാഗിരി ,സാവനദുർഗ , ദേവരായണദുർഗ്ഗ , നിജഗൽ ബെട്ട, ഇതെല്ലം ബാംഗ്ലൂരിൽ നിന്നും 60 -70 km ദൂരത്തിൽ എത്തി ചേരാൻ പറ്റുന്ന വ്യൂ പോയ്ന്റ്സ് ആണ്. ധോബ്ബാസ് പേട്ട കടന്നു നമ്മൾ യാത്ര തുടർന്ന്. ധോബ്ബാസ് പേട്ട ഒരു ജംഗ്ഷൻ ആണ്. വലതു തിരിഞ്ഞാൽ നേരെ പോയാൽ ദോദബല്ലാപുര വഴി നന്ദി ഹിൽസും അവിടെ നിന്ന് ഹൈദരാബാദ് ഹൈവേയിലേക്കും എത്തി ചേരാം. ധോബ്ബാസ് പേട് ജംഗ്ഷനിൽ നിന്ന് തന്നെ SH-8 വഴി പോയാൽ ദേവരായണദുർഗ്ഗ, മധുഗിരി ഫോർട്ട് അങ്ങിനെയേ കുറച്ച ട്രെക്കിങ്ങ് പോയിന്റ്‌സിലേക്ക് എത്താം. മധുഗിരി ഏഷ്യയിൽ താനെ രണ്ടാമത്തെ മോണോലിത്തിക് റോക്‌സിൽ പെട്ട സ്ഥലമാണ്.
ധാർവാഡ് ക്രാറ്റോൺ ഇനെ പറ്റിയുള്ള ഒരു ലേഖനം ശ്രദ്ധയിൽ പെട്ടതോടെയാണ്, പൊതുവെ വായനാശീലം തീരെയില്ലാത്ത എനിക്ക് ഇങ്ങനത്തെ മേഖലയെ പറ്റി അറിയാൻ ഇത്തിരി താല്പര്യം തോന്നിയത്. കോടി വർഷങ്ങൾക്ക് മുന്നേയുണ്ടായ അഗ്നിപർവത സ്ഫോടനകളുടെയും , തുടർന്നുണ്ടായ ടെക്ടോണിക് ഷിഫ്റ്റിന്റെ കാരണം രൂപപ്പെട്ട ഫോർമേഷൻസ് ആണത്രേ ഈ ഭാഗത്തെ പ്രധാന കുന്നുകളും. പലതും അന്നുണ്ടായ സ്പോടനകൾ കാരണം, രണ്ടോ അതിൽ കൂടുതലോ ആയി വിഭജിക്കപ്പെട്ടതാണ്. അതിൽ ഒന്നാണത്രെ ബാംഗ്ലൂർ ടൗണിൽ ലാൽബാഗ് ഗാർഡനിലെ വലിയ പാറക്കൂട്ടവും.
ബാക്‌സീറ്റിൽ നിന്നുള്ള ബുള്ളറ്റിനു സ്പീഡ് പോരാ എന്ന ഡയലോഗ് ഇന് ഇപ്പോളും വല്യ മാറ്റം ഇല്ല. ഒരു ബുള്ളറ്റ് 40 – 50 സ്പീഡിൽ പോകുമ്പോ കിട്ടുന്ന ഒരു ഫീൽ, അത് വേറെ ഒരു ബൈക്കിനും കിട്ടൂല എന്ന് ഇപ്പോഴും എപ്പോഴും ഞാൻ പറയും.
നൈസ് റോഡ് എക്സിറ്റ് പിന്നിട്ടിട്ട് ഏകദേശം മുക്കാൽ മണിക്കൂറായിരിക്കുന്നു .ഏതാണ്ട് തിരയേണ്ട സമയം ആയപോലെ തോന്നി. ഹിരഹള്ളി ഇൻഡസ്ട്രിയൽ ഏരിയ യിൽ നിന്ന് തിരിയണം എന്ന ഒരു ഓര്മയുണ്ടായിരുന്നു. ഒരു സംശയത്തിന്റെ പേരിൽ ഞാൻ അവളോട് മാപ് നോക്കാൻ പറഞ്ഞു. ഭാഗ്യം, കറക്റ്റ് സ്ഥലത്തു നിന്നാണ് ഞാൻ ചോദിച്ചത് .വലത്തേക്ക് തിരിയാനുള്ള റോഡ് കണ്ടു. വലത്തേക്ക് തിരിഞ്ഞു , 100 മീറ്റർ കഴിഞ്ഞപ്പോൾ ഒരു റെയിൽവേ ഗേറ്റ്,അതും കടന്നു, പോകുമ്പോൾ കുറച്ച അകലെയായി തന്നെ മന്ഥരാഗിരി കുന്നും പ്രദേശവും കാണാം. അത് ലക്ഷ്യമാക്കി പോയി. ഒരു ക്ഷേത്രവും, കുറച്ചു മാറി ഒരു കുന്നും.ക്ഷേത്രത്തിന്റെ മുന്നിൽ വണ്ടി നിർത്തി, പാർക്കിംഗ് ഫീസായി 10 രൂപ കൊടുത്തു. അത് വാങ്ങുന്ന ആൾ തന്നെ ഒരു വാർണിംഗും തന്നു. മല കയറുന്നുണ്ടെങ്കിൽ 6 മണിയാവുമ്പോളേക്കും തിരിച്ചെത്തണം. സ്ഥലം അത്ര നന്നല്ല. മല ഇറങ്ങിയിട്ട് കയറിയാൽ അമ്പലത്തിൽ മതി എന്ന്. അവിടുത്തെ ആൾ പറയുമ്പോ, അത് നമ്മൾ എന്തായാലും അനുസരിക്കണമല്ലോ, എന്തെകിലും വാസ്തവം കാണാതിരിക്കില്ല . നമ്മൾ മല ലക്ഷ്യമാക്കി നടന്നു. മലകളിലൂടെ കൊത്തി വെച്ച പടവുകൾ കണ്ടപ്പോൾ ദൈവങ്ങളെ വിളിച്ചു പോയി
2 കൊല്ലം മുന്നേ പോയ ശ്രവണബെലഗോള ഓര്മ വന്നു. എനിക്കെന്താ ഈ ജൈന ക്ഷേത്രങ്ങളോടും, ഇങ്ങനത്തെ കുന്നുകളോടും ഇത്ര താല്പര്യം എന്നായി അവളുടെ നോട്ടം. 10 പടി കയറിയപ്പോളേക്കും, കിതയ്ക്കാൻ തുടങ്ങി. കുത്തനെയല്ല എന്നേയുള്ളു. അത്യാവശ്യം ക്ഷീണം തോണുന്നുണ്ട് കയറുമ്പോൾ. തിരക്ക് കുറവാണ്.ഉത്തരേന്ത്യക്കാരാണ് ഉള്ളതിൽ ഭൂരിഭാഗവും. പടികൾ 100 വരെ എണ്ണി , പിന്നെ നിർത്തി. കിതപ്പ് നിന്നിട്ട് വേണമല്ലോ എണ്ണാൻ. ദാഹം തീർക്കാൻ ഒരു ഗ്ലാസ് വെള്ളം കിട്ടാൻ വല്ല വഴിയുണ്ടോ എന്ന് ആലോചിച്ചു കൊണ്ടാണ് കയറുന്നത് .ഒരു കുപ്പി വെള്ളം പോലും ഇല്ല.എങ്ങനെയൊക്കെയോ മുകളിൽ എത്തി. കുന്നിൽ മുകളിൽ ഒരു മതിൽകെട്ടു. പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നുണ്ടെന്ന് തോന്നണു. കുറച്ച നേരം മുകളിൽ നിന്ന് താഴ്ത്തേക്കുള്ള ദൃശ്യങ്ങൾ നോക്കി നിന്നു.
കയറിയ ക്ഷീണം പെട്ടെന്ന് തന്നെ മാറി. കാലിനു ഒരു ബലക്കുറവ് തോന്നണു. വേറെ പ്രശ്നങ്ങളൊന്നും ഇല്ല. ചെറുതും വലുതുമായ പാറക്കൂട്ടങ്ങൾ ദൂരെയായി കാണുന്നു. ഷിമോഗ വരെ പോകുന്ന റെയിൽവേ ലൈൻ ആണെന്ന് തോന്നുന്ന സമീപത്തുകൂടി പോകുന്നത്. കുറച്ച നേരം അവിടെ ഇരുന്നു.. അനിവാര്യമായ സെല്ഫികളൊക്കെ എടുത്തു.
പണി നടക്കുന്ന അമ്പലത്തിന്റെ അടുത്തേക് ചെന്നു.
അകത്തു കയറണം എന്നായിരുന്നു ഉദ്ദേശം. പക്ഷെ ചുറ്റുമതിൽ എല്ലാം അടച്ചതായിട്ടാണ് മനസ്സിലായത്. പിറകു വശം എത്തിയപ്പോൾ അങ്ങ് താഴെ മൈദലെക്കരെ തടാകം. അത്യാവശ്യം വെള്ളം ഉണ്ട്. തടാകത്തിന്റെ കരയിൽ ഒന്ന് രണ്ടു കാറുകൾ നിർത്തിയിട്ടിട്ടുണ്ട്.താഴെ അമ്പലത്തിന്റെ മുന്നിൽ നിന്ന് കുന്നു ചുറ്റി തടാകത്തിന്റെ കരയിലേക്ക് വഴിയുണ്ടെന്നാണ് മനസ്സിലായത്.
ചുറ്റുമതിലിന്റെ എല്ലാ വശവും അടച്ചിരിക്കുന്നു.4 ക്ഷേത്രങ്ങൾ ഉണ്ടെന്നാണ് അറിഞ്ഞത്.
12 ആം നൂറ്റാണ്ടിലേയും, 14 ആം നൂറ്റാണ്ടിലേയും പണിത ക്ഷേത്രങ്ങൾ ആണത്രേ. അകത്തേക്കു കടക്കാൻ ഒരു വഴിയുമില്ല. കുറച്ച നേരം കൂടി അവിടെ നിന്നിട്ടു നമ്മൾ പടവുകൾ ഇറങ്ങാൻ തുടങ്ങി. അങ്ങ് ദൂരെ പ്രൂഡൻസ് ഇന്റർനാഷണൽ സ്കൂളിൽ നിന്ന് ചടുലമായ സംഗീതം കേള്കുന്നുണ്ട്. ഡാൻസ് പരിപാടികളുടെ റിഹേഴ്സൽ ആണെന്ന് തോന്നുന്നു. പടികൾ എണ്ണാൻ തുടങ്ങി.വിചാരിച്ച പോലെ വേഗം ഇറങ്ങാൻ പറ്റുന്നില്ല. കാലുകൾക്ക് ഒരു ബലക്കുറവ്. പതിയെ പതിയെ ഇറങ്ങി , താഴെ എത്തി. ആകെ 440 പടികൾ. അമ്പലത്തിന്റെ പടികൾ കയറി. ഒരു വശത്തു കുടിവെള്ളം വെച്ചിരിക്കുന്നു . മതിയാവോളം കുടിച്ചു, മുഖം കഴുകി മെല്ലെ നടന്നു.
നടന്നു കയറുന്നത് ചന്ദ്രനാഥ തീർത്ഥങ്കരയുടെ പ്രതിമയുടെ അടുത്തേക്കാണ്. ശ്രവണബെലഗോളയിലെ അത്ര വലുപ്പമില്ല.സെൽഫികളും ചിത്രങ്ങളും പകർത്തി, ചുറ്റി നടന്നു, അടുത്തുള്ള ഗുരുമന്ദിർ ലക്ഷ്യമാക്കി നടന്നു.
81 അടി ഉയരം, മയിൽപീലി കൊണ്ടുള്ള വിശറിയുടെ (pinch) ആകൃതിയിൽ ആണ് അതിന്റെ നിർമാണം. ജൈന സന്യാസിമാരിൽ പ്രമുഖനായ 108 ശാന്തിസാഗർജി മഹാരാജിന് ആദരിച്ചു ഉണ്ടാക്കിയതാണ് ഇത്. ഉള്ളിൽ അദ്ദേഹത്തിന് ഒരു പ്രതിമയും, ചുമരില് ചുറ്റും, ഒരു അമര്ചിത്ര കഥ കണക്കെ തീർത്ഥങ്കരന്റെ കഥയും കൊത്തി വെച്ചിരിക്കുന്നു. ഒന്ന് രണ്ടു പേര് അവിടെ നിലത്തു ധ്യാനിച്ചിരിക്കുന്നുണ്ട്. നമ്മളും ഇരുന്നു കുറച്ച നേരം. നമ്മൾ പുറത്തിറങ്ങി.
വന്നവർ എല്ലാരും തിരിച്ചു പോകാൻ തുടങ്ങുന്നു. പുതിയതായി അന്വേഷിച്ച വരുന്നവരെ , ഇനി നാളെ വരാൻ പറഞ്ഞു തിരിച്ചയക്കുന്നുമുണ്ട്. കാലുകൾക്കുള്ള ഒരു ബലക്കുറവ്, ഇനിയങ്ങോട്ടുള്ള ബുള്ളറ്റ് ഓടിക്കലിന് തടസ്സമാവുമോ എന്ന ഒരു ശങ്ക ഉള്ളിൽ ഉണ്ട്. ദേശിയ പാതയിലേക്ക് കയറി.
ബാംഗ്ലൂർ ഭാഗത്തേക്ക് നല്ല രീതിയിൽ ട്രാഫിക് ഉണ്ട്. ഒരു ചായ കുടിക്കണം എന്ന് അവൾ പറയുന്നു. ഇടയ്ക്കിടെ എന്നെ അവൾ ഓര്മിപ്പിക്കുന്നുണ്ട്. കാരണം, കാർ ആയാലും ബുള്ളറ്റ് ആയാലും ഓടിച്ചു തുടങ്ങിയാൽ പിന്നെ നിർത്തില്ല എന്ന ബോധ്യം ഉണ്ട് . കാണുന്ന ചായക്കടയോക്കെ അവൾ ചൂണ്ടികാണിക്കുന്നുണ്ട്. പക്ഷെ അന്തഃര്തീക്ഷം നന്നാലത്ത് കാരണം ഞാൻ നിർത്തിയില്ല. ലോറി ഡ്രൈവർമാരുടെ തിരക്കാണ് മിക്ക ചായകടയിലും. എല്ലാ ടോളിലും ഭയങ്കര തിരക്ക്. കാറുകൾക്കും ലോറികൾക്കും ഇടയിലൂടെ തിരുകി പോകാതെ മുന്നോട്ട് പോകാൻ പറ്റുന്നില്ല.എല്ലാവരും ചെയുന്നത് പോലെ തന്നെ ഞാനും ചെയ്തു. റോഡിൽ നിന്ന് ഇറങ്ങിയും, മറ്റുമായി, ഒരു വിധം എല്ലാ ടോൾ ബൂത്തുകളും കടന്നു .
നെലമംഗള എത്തി , യാത്ര ഹൈവേയിലൂടെ തന്നെ തുടർന്ന്. ചായ കുടിക്കാനുള്ള റിമൈൻഡർ പിന്നെ ഒന്നും വന്നില്ല.
നാഗസാന്ദ്ര എത്തിയതോടെ ,ഫ്‌ളൈഓവറിനു സമാന്തരമായി മെട്രോ റെയിൽ പോകുന്നു.സ്പീഡ് നല്ലവണ്ണം കൂട്ടി, മെട്രോയുടെ പിന്നാലെ വിട്ടു, ഒരു ആവേശത്തിന് അവളോട് വീഡിയോ എടുക്കാൻ പറഞ്ഞു .ഫ്‌ളൈഓവറിൽ തിരക്കില്ല, എന്നാലും ഒരു അപകട സാധ്യത കണ്ടപ്പോ, പിന്നെ ആ പരീക്ഷണത്തിന് മുതിർന്നില്ല. എലവേറ്റഡ് ഫ്ലൈ ഓവറുകളിൽ ഇരുചക്ര വാഹനങ്ങൾ പ്രവേശിക്കരുത് എന്നാണ് നിയമമെങ്കിലും, ആരും അത് കാര്യമാക്കാറില്ല.
ഫ്‌ളൈഓവർ അവസാനിച്ചു യെശ്വന്ത്പുർ എത്തി, റിങ് റോഡിലേക്ക് തിരിഞ്ഞു. അപ്പോളും അവൾക്ക് എവിടെയെത്തി എന്നുള്ള ഒരു ഐഡിയ വന്നിട്ടില്ല. ഞാൻ പറഞ്ഞു, ഇതിപ്പോ നമ്മൾ റിങ് റോഡിലെത്തി, വീട്ടിലേക്ക് അധികം ദൂരമിനിയില്ലയെന്നും. ആ മനസ്സിലായി എന്ന് തലകുലുക്കിയെങ്കിലും, ഒന്നും മനസ്സിലായില്ല എന്ന് എനിക്ക് മനസ്സിലായി. . ഒരു പഴക്കടയിൽ നിർത്തി, കുറച്ച ആപ്പിളും നാരങ്ങയും വാങ്ങി, നഗർഭാവിയിലെ BOSS N DINE ഹോട്ടൽ ലക്ഷ്യമാക്കി ഓടിച്ചു.
ഹോട്ടലിൽ മുകളിൽ കയറി, തിരക്കുണ്ട്, അധികവും, ലോ യൂണിവേഴ്സിറ്റിയിളെയും, ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിലെയും വിദ്ധ്യാര്തികൾ. ടീവിയിൽ ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് നടക്കുന്നു. ഹാഫ് അല്ഫാഹം , 4 ചപ്പാത്തിയും, രണ്ടു ലൈം ജ്യൂസ് പറഞ്ഞു വെയിറ്റ് ചെയ്തു. നല്ല യാത്രാക്ഷീണം. 10- 15 മിനുട്ടോളം കാത്തിരുന്നിട്ടാണ് അല്ഫഹം എത്തിയത്.
ആവുന്നത്ര മെല്ലെ കഴിച്ചിട്ടും , അല്ഫാഹം തീർന്നു. അപ്പോളേക്കും കൂടെ പറഞ്ഞ 4 ചപ്പാത്തി എത്തി. എന്ന പിന്നെ ചപ്പാത്തി , മീൻ കറി കൂട്ടി കഴിക്കാം എന്ന് വിചാരിചു , കപ്പയും മീൻ കറി ഓർഡർ ചെയ്തു. രണ്ടു ചപ്പാത്തി മാത്രം ബാക്കി ആയപ്പോ കപ്പയും കറിയും എത്തി.ഒന്നും നോക്കിയില്ല. കപ്പയോടു വല്യ താൽപ്പര്യം ഇല്ലാത്ത ഞാൻ കുറച്ച കുറച്ച എടുത്തു അത് തീർക്കാൻ സഹായിച്ചു. ബാക്കി വന്ന മതി കറി പാർസൽ ആക്കി, അവിടെ നിന്ന് ഇറങ്ങി.
വീട്ടിൽ ചെന്നു കയറി . ഇനി വരുന്ന രണ്ടു മൂന്നു ദിവസത്തേക്ക് കാലിനും ശരീരത്തിനും നല്ല വേദനയാവുമല്ലോ എന്നും വിചാരിച്ചു കിടന്നതേ ഓര്മയുള്ളു.