ബാഹുബലിയെ തേടി-ശ്രാവണബെലഗോളയിലേക്കു

ബാഹുബലിയെ തേടി-ശ്രാവണബെലഗോളയിലേക്കു

ഒരു പതിവ് ഞായറാഴ്ച . കൂർഗിലെ നിഷാനി ഹിൽസിൽ ഓഫ്റോഡിങ് .പുഴ കടക്കുന്ന സമയം  ഒരു നിമിഷത്തെ അശ്രദ്ധയിൽ അരികിൽ ഉള്ള വലിയ പാറക്കെട്ടിലുകളിൽ  തട്ടി വണ്ടി ചെരിഞ്ഞു. കൂടെ ഞാനും പുറത്തേയ്ക്ക് ആഞ്ഞു പോയി.. കണ്ണ്  തുറന്നപ്പോൾ മനസ്സിലായി , കുലുക്കം കിടങ്ങിൽ വീണത്  കൊണ്ടല്ലാ, അവൾ ഉറക്കത്തിൽ നിന്നുണർത്തിയതാണെന്ന്. പാൽ വാങ്ങി വരണം. അയിനാണ് . കുറ്റം പറയാൻ പറ്റില്ല. സമയം ഒൻപത് ആയി. പാതി ഉറക്കത്തിൽ ഒരു ഐഡിയ. ബ്രേക്ഫാസ്റ് അഡ്യാർ ആനന്ദ ഭവനിൽ നിന്നാകാം. വരുന്ന വഴി പാലും വാങ്ങാം, ലഞ്ചിന് വല്ല മീനോ, ചിക്കൻ എന്തെങ്കിലും വാങ്ങി തിരിച്ചു വരാം. സമയം കളഞ്ഞില്ല.  കുളി, ജപ, പരിപാടികൾ എല്ലാം നടത്തി, അയയിൽ കിടന്നിരുന്ന ടി ഷർട്ടും ധരിച്ചു, സാറ്റലൈറ്റ്  ബസ്സ്റ്റാൻഡിന് സമീപമുള്ള  A 2 B യിലേക്ക്   വിട്ടു..ഭക്ഷണ പരിപാടി കഴിഞ്ഞപ്പോൾ , സ്വാഭാവികമായും അവൾ ചോദിച്ചു, ഇനിയിപ്പോ വീട്ടിൽ പോകണോ.? കുറച്ചു നേരം കബ്ബൺ  പാർക്കിൽ പോയ് ഇരുന്നാലോ. അവിടെ പോയിട്ട് കുറെയായില്ലേ.പക്ഷെ എന്റെ മനസ്സിൽ, കെതോഹള്ളി ഉള്ള ദൊഡ്ഡ ആലട മരം  കുറെ നാളുകളായി പെൻഡിങ്ങിൽ  വെച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും മഞ്ചെനബെല്ലെ റിസെർവോയറിലേക്കും,  പിന്നെ സൂപ്പർഹിറ്റ് സിനിമയായ ഷോലയുടെ ലൊക്കേഷൻ ആയിരുന്ന രാമദേവരാബെട്ടയിലേക്കും പോകാം എന്ന് മനസ്സിൽ പദ്ധതിയിട്ടു.  അവളോട് പറഞ്ഞില്ല.. വീട്ടിലേക്ക് എന്ന രീതിയിൽ തന്നെ  ഹോട്ടലിൽ നിന്ന് വണ്ടിയെടുത്തു.  റിങ് റോഡിലേക്ക്  തിരിയാതെ മൈസൂർ റോഡ് ഫ്ളൈഓവർ കയറുന്നത് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി  ,  ഈ പോക്ക് വേറെ എങ്ങോട്ടോ ആണെന്ന്. ചോദ്യം വന്നു . ഞാൻ  മിണ്ടിയില്ല. അല്ലെങ്കിലും എന്തും സസ്പെൻസ് ആയി വെയ്ക്കുന്നത് എന്റെ ഒരു ശീലമാണ്. ഗൂഗിൾ മാപ് നോക്കി ലൊക്കേഷൻ ഞാൻ പലകുറി നോക്കിവെച്ചതാണ് . നാട്ടിൽ നിന്ന് വരുമ്പോളും തിരിയേണ്ട സ്ഥലം നോക്കി വെച്ചിരുന്നു. വിചാരിച്ചത് പോലെ തന്നെ കെങ്കേരി ടൌൺ കടക്കാൻ അര മണിക്കൂർ എടുത്തു.മെട്രോയുടെ പണി തുടങ്ങിയതിൽ പിന്നെ ഇങ്ങനാണല്ലോ . നാട്ടിലേക്ക് കാറിൽ പോകുമ്പോ ടോൾ കൊടുത്തു നൈസ് റോഡ് വഴി കുമ്പളക്കോടെ എത്തി ചേരുകയാണ് പതിവ്.  സമയം 11 ആകുന്നു. നല്ല വെയിലും. തിരിയേണ്ട സ്ഥലം ആയോ എന്ന സംശയിച്ചു ബുള്ളറ്റ് പതുക്കെ  ആക്കി.നോക്കി വെച്ചിരുന്ന അടയാളം കണ്ടില്ല. നാവിഗേഷൻ നോക്കിയപ്പോൾ മനസ്സിലായി , തിരിയേണ്ട സ്ഥലം  ആയ രാജ രാജേശ്വരി എഞ്ചിനീയറിംഗ് കോളേജ് കഴിഞ്ഞിട്ട്  4 കിമി ആയെന്നു.  വേറെ എന്തോ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ മിസ് ആയതാണ്.  അവളോട് കാര്യം പറഞ്ഞു. എല്ലാ കാര്യവും സസ്പെൻസ് ആക്കി വെച്ചാൽ  ഇങ്ങനെ തന്നെയാണ്  ഉണ്ടാവുക എന്ന് പറഞ്ഞു. അപ്പോൾ അടുത്ത suggestion  ഉടനെ  അവൾ പറഞ്ഞു. കുറച്ചു നാൾ മുന്നേ ഞാൻ ഓഫീസിൽ ആവശ്യത്തിന് ശ്രവണബെലഗോളയിലെ ജൈന ക്ഷേത്രം  വഴി പോയ കാര്യം പറഞ്ഞിരുന്നു. അവിടേയ്ക്ക് വിട്ടാലോ. ഇതിനു മുൻപ് ധർമ്മസ്ഥലയിലെയും , കർക്കലയിലെയും ,ബാഹുബലി പ്രതിമകൾ കണ്ടിട്ടുണ്ടെങ്കിലും, ഇവിടം മാത്രം കാണാതെ ബാക്കിയാവുകയായിരുന്നു.  ഐഡിയ  കൊള്ളാമെന്ന് എനിക്കും   തോന്നി. പക്ഷെ അന്നു  2  മണിക്കൂർ കൊണ്ട് കാറിൽ അവിടെ എത്തി. അത് പക്ഷെ ബാംഗ്ലൂർ നെലമംഗള ഹസ്സൻ റൂട്ട് ആയിരുന്നു. ഇപ്പോ നമ്മൾ നിൽക്കുന്ന ലൊക്കേഷൻ വെച്ചിട്ട്  മാന്ദ്യ-> മേൽക്കോട്ട,->പാണ്ഡവപുരം റൂട്ട്  പിടിക്കണം. ഗൂഗിൾ മാപ്സ് നോക്കിയപ്പോൾ, രാമനാഗരിയിൽ നിന്ന്, 45  കിമി ഉള്ളിലേക്ക്  സഞ്ചരിച്ചാൽ ഹസ്സൻ ദേശിയ പാതയിൽ എത്താമെന്ന് കണ്ടു. എന്നാൽ പിന്നെ അങ്ങനെ തന്നെ .  പോകുന്ന വഴിയിൽ ഒരു ഹംപ്  വന്നപ്പോൾ വേഗത കുറയ്ക്കാൻ ശ്രമിച്ചപ്പോളാണ് ബ്രേക്ക് വളരെ കുറവാണ് എന്ന മനസ്സിലായത്. അവിടെ അടുത്ത് സൈഡ് ആക്കി നട്ട്  മാക്സിമം മുറുക്കി  യാത്ര തുടർന്നു. രാമനാഗരിയിൽ നിന്ന് കുനിഗൽ  മെയിൻ റോഡ് എന്ന് മാപ്പിൽ കണ്ട റോഡിലേക്ക് തിരിഞ്ഞു. തിരിഞ്ഞു കുറെ പോയപ്പോൾ  മനസ്സിലായി,  ആ പരിസരത്തു അംബാനിയും,വൊഡാഫോണും  എത്തിയിട്ടിലാ എന്നു.  എങ്കിലും നാവിഗേഷനിൽ റൂട്ട് കാണിക്കുന്നത് കൊണ്ട് നമ്മൾ സംശയിച്ചില്ല. എല്ലാം ഗ്രാമപ്രദേശം. പാടവും, തെങ്ങിൻ തോപ്പും നിറഞ്ഞ പ്രദേശം.

 

ഉയരം അധികം ഇല്ലാത്ത മാവുകൾ. വഴിയരികിൽ മാങ്ങാ വിൽക്കുന്ന കർഷക സ്ത്രീകൾ. ചിലയിടങ്ങളിൽ ഉപയോഗശൂന്യമായ മാങ്ങാ കൂമ്പാരം കണക്കെ കൂട്ടിട്ടിരിക്കുന്നു. നഗരത്തിൽ ഉള്ളതിനേക്കാൾ പത്തും ഇരുപതും രൂപ കുറവാണ് ഇവിടെ. അന്തമില്ലാതെ നീണ്ടു കിടക്കുന്ന റോഡിൽ ഇടത്തോട്ട് തിരിയാൻ നാവിഗേഷന്റെ നിർദ്ദേശം.  നമ്മൾ തിരിഞ്ഞു. ഇടയ്ക്ക് പലപ്പോഴും ബുള്ളറ്റിനു ബ്രേക്ക് കുറവെന്ന് ബോധ്യപ്പെട്ടു തുടങ്ങി. മനസിൽ അത് കാരണം ഒരു ആധിയും. പിന്നെയും ഉൾഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം.സ്പീടില്ല സ്പീടില്ല എന്ന പരാതി പിന്നിൽ നിന്ന് ഇടയ്ക്കിടയ്ക്ക് കേൾക്കാൻ തുടങ്ങി. 40-50 സ്പീഡിൽ ബുള്ളറ്റിൽ ഡഗ് ഡഗ് ശബ്ദം കേൾപ്പിച്ചു പോകുന്നതാണ്  സുഖം എന്ന് ഞാൻ അവളെ ഓര്മിപ്പിച്ചുകൊണ്ടിരുന്നു.   നിശബ്ദവും, ശാന്ത സുന്ദരമായ ഉൾഗ്രാമങ്ങളിടുയുള്ള ബുള്ളറ്റിന്റെ സഞ്ചാരം കാരണം ചില ഗ്രാമവാസികൾ നമ്മളെ ശ്രദ്ധിക്കാൻ തുടങ്ങി.ഒരു പക്ഷെ സൈലെന്സറിനെ ശബ്ദം  അവരെ അലസോരപ്പെടുത്തുന്നതാവും  കാരണം.  റോഡിൻറെ  വീതി കുറഞ്ഞു. വീണ്ടും ഇടത്തോട്ട് തിരിയാൻ പറഞ്ഞു. തിരിഞ്ഞപ്പോൾ ടാറിട്ട റോഡിൻറെ അവസാനം  കാണുന്നത് ഒരാൾക്ക് നടക്കാൻ പാകത്തിലുള്ള ഇടവഴിയാണ്.. ചെങ്കുത്തായ ഇറക്കം, കുണ്ടും കുഴിയും വേണ്ടുവോളമുള്ള ഒരു ഇറക്കമായിരുന്നു അത്. പോകണോ വേണ്ടയോ എന്ന ശങ്കിച്ച ഒരു നിമിഷം അവിടെ നിന്നു. ഒന്ന് രണ്ടു ആളുകൾ വീടിനു വെളിയിലേക്ക് വന്നപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല. മുന്നോട്ട് എടുത്തു. ഇറക്കം ഇറങ്ങുമ്പോ ഒരു ഓഫ് റോഡിങ് ഫീൽ ആൺ വന്നതെങ്കിലും കൈയും കാലുമൊടിഞ്ഞു അവിടെ കിടക്കുന്നതും എന്റെ മനസിലേക്ക് ഓടി വന്നു. കുഴികളുടെ  എണ്ണവും ആഴവും കൂടാനും തുടങ്ങി, മെയിൻ റോഡ് എത്തുന്ന ഒരു ലക്ഷണവും കാണുന്നില്ല. തിരിച്ച കയറാൻ തന്നെ തീരുമാനിച്ചു. രണ്ടു പാക്കറ്റ് പാല്  വാങ്ങി വരാനുള്ള  മടിക്കല്ലേ ഞാൻ ഈ പണിയ്ക്ക് ഇറങ്ങിയത് എന്ന  ഒരു പുച്ഛ  ഭാവം കണ്ണാടിയിലൂടെ  ഞാൻ  അവളുടെ മുഖത്തു  കണ്ടു.  നെറ്റില്ലാത്തത് കാരണം നാവിഗേഷന് കിളി പോയി എന്ന മനസ്സിലായി. റീറൂട്ടിങ് ഒന്നും വർക്ക് ചെയ്യുന്നില്ല.  തിരിച്ചു കയറി മൊബൈൽ നാവിഗേഷൻ ഓഫ് ആക്കി, ലോക്കൽ നാവിഗേഷൻ ഉപയോഗിക്കാൻ തീരുമാനിച്ചു. ഒന്ന് രണ്ടു പേരോട് വഴി ചോദിച്ചു,അവർ പറഞ്ഞ വഴികളിലൂടെ  നമ്മൾ യാത്ര തുടർന്നു..വീണ്ടും മാന്തോപ്പുകൾക്കിടയിലൂടെ ഉള്ള യാത്ര. പ്രകൃതി ഭംഗി ഏറെയുണ്ടെങ്കിലും  റോഡിൻറെ അവസാനം കാണാത്തതിൽ ആശങ്കയുമായിട്ടാണ് നമ്മുടെ യാത്ര. ചെല്ലുന്നിടത്തെല്ലാം റോഡുകൾ രണ്ടായി തിരിയുന്നു. ഊഹം വെച്ചാണ് പിന്നെയങ്ങോട്ട് യാത്രയെല്ലാം . ഹങ്കാരഹള്ളി എന്ന ഒരു സ്ഥലമെത്തി. . അവിടെ നിന്ന് വീണ്ടും ഇടത്തോട്ടും വലത്തോട്ടു റോഡുകൾ. നഗരത്തിലെ രെജിസ്ട്രേഷൻ ഉള്ള ഒന്ന് രണ്ടു ടാക്സികൾ ആ റോഡിലൂടെ  കടന്നു  പോയി. ഒരു പക്ഷെ ഇത് മെയിൻ റോഡിൽ എത്തി ചേരും എന്ന പ്രതീക്ഷയിൽ എന്ന കണക്കു കൂട്ടലിൽ വലത്തോട്ട് തിരിഞ്ഞു. നേരത്തെ കണ്ട ഗ്രാമാന്തരീക്ഷത്തിൽ നിന്നും കുറച്ച വ്യത്യാസം വന്നു.

വിദ്യാഭ്യാസ സ്ഥാപങ്ങളും, കടകളും, മറ്റുമുള്ള ചെറിയ രീതിയിൽ തിരക്കുള്ള ഒരു റോഡ് ആയിരുന്നു. സ്ഥലത്തിന്റെ ബോർഡുകൾ വായിച്ചപ്പോൾ മാഗടി  എത്താറായി എന്നറിഞ്ഞു. അറിയാതെ ദൈവത്തിനെ വിളിച്ചു.  വീടിനു സമീപത്തുകൂടി പോകുന്ന  മാഗടി  റോഡ് ഉള്ളപ്പോൾ എന്തിനാ ഞങ്ങൾ ഇത്ര കഷ്ടപെട്ടത് എന്ന തോന്നി..ഗൂഗിൾ മാപ്സ് എടുത്തു, ഹരോഹള്ളി എന്ന സ്ഥലത്തു നിന്ന് ഇടത്തോട്ട് തിരഞ്ഞ നേരെ പോയാൽ ഹൈവേ എത്തും എന്ന കണ്ടു. തിരിയുന്നിടത്താണ് മാഗടി  ksrtc ടെർമിനൽ . ആ റോഡിലൂടെ  നേരെ യാത്ര തുടർന്ന്. 18 കിമി സഞ്ചരിച്ചപ്പോൾ ഹസ്സൻ ഹൈവേയിൽ മുട്ടുന്ന തലേക്കേറെയിൽ എത്തി.  അപ്പോളാണ് ശ്വാസം നേരെ വീണത്. പതിനൊന്ന്  മണിക്ക് രാമനാഗരായിൽ നിന്ന് തിരിഞ്ഞ ഞങ്ങൾ രണ്ടു മണിക്കാണ് കവലയിൽ എത്തിയത്. 65 -70 കിമി അനാവശ്യമായി വട്ടം കറക്കി.

 

അവിടെ നിന്ന് ഇടത്തോട്ട് നീണ്ടു കിടക്കുന്ന ഹൈവേ. ബുള്ളറ്റ് 70 80 സ്പ്പീഡിൽ പായിച്ചു ഞാൻ ഒന്ന് ഷൈൻ ചെയാൻ നോക്കി. ബ്രേക്കിന്റെ മുകളിൽ ശ്രദ്ധ വെച്ചിട്ടു തന്നെയായിരുന്നു എന്റെ അഭ്യാസം.  100 110 സ്പീഡിൽ 4 -5 ഡ്യൂക്ക്  റൈഡേഴ്സ്  നമ്മുടെ സമീപത്തൂടെ  പാഞ്ഞു  പോയപ്പോൾ, അവളുടെ മുഖത്തു എന്നോടൊരു പുച്ഛ ഭാവം. ഞാൻ ഒന്ന് അടങ്ങി.

അടുത്തതായി  ഹോട്ടൽ തേടാൻ തുടങ്ങി . ഇതിനു മുന്നേ ഈ റോഡിലൂടെ പോയ പരിചയം വെച്ച് ഹോട്ടലുകൾക്ക് യാതൊരു ക്ഷാമവും ഇല്ല എന്നറിയാം. 20 കിമി കഴിഞ്ഞപ്പോൾ  കമ്മത്  ഹോട്ടൽ കണ്ടു. അവിടേയ്ക്ക് കയറി. ചെറിയ തോതിൽ ഉച്ചഭക്ഷണത്തിനു ശേഷം പുറത്തിറങ്ങിയപ്പോളാണ് കാലാവസ്ഥ മാറിയതായി കാണുന്നത്. ഗംഭീരമായ മഴയാണ് കാത്തിരിക്കുന്നത് എന്ന മനസിലായി. വെയിൽ മാറി ഇരുട്ട് മൂടി വന്നു. കൂടെ മിന്നലും . എത്തുന്നിടത്തോളം പോകട്ടെ എന്ന വിചാരിച്ചിട്ട് രണ്ടും കല്പിച്ച വണ്ടി എടുത്തു. രണ്ടു പേർക്കും ഹെൽമെറ്റ് ഉണ്ട് എന്നല്ലാതെ വേറെ ഒന്നും ഇല്ല. അര കിമി പിന്നിട്ടില്ലാ , മഴ തുടങ്ങി. സൂചി തറയ്ക്കുന്ന വേദനയായിരുന്നു ഒരു മഴത്തുള്ളിക്കും. അധികം പോകാൻ കഴിഞ്ഞില്ല..ബൈലാദികേരെ എന്ന സ്ഥലത്തു ഒരു ബസ് സ്റ്റോപ്പിൽ അഭയം തേടി. ഇതിനു മുന്നേ പെയ്തു മഴയും കാറ്റും കാരണം ആകണം ,  ബസ് സ്റ്റോപ്പിന്റെ മേൽക്കൂരയുടെ ഒരു ഭാഗം കാണുന്നില്ല . ഒന്നര മണിക്കൂർ നിർത്താതെ പെയ്തു. കൂടെ ശക്തമായ മിന്നലും കാറ്റും. ഇനിയും 60 കിമി ഉണ്ട് ലക്ഷ്യ സ്ഥാനത്തു എത്താൻ . 80 കിമി തിരിച്ചു പോകണോ, അതോ  മുന്നോട്ട് പോകണോ എന്ന തീരുമാനിക്കണം. നാലരമണിയായപ്പോൾ മഴയുടെ ശക്തി കുറഞ്ഞു. ചാറ്റൽ മഴയാണ്. യാത്ര തുടർന്നാൽ എന്തായാലും നനയും. മുന്നോട്ട് വെച്ച കാൽ മുന്നോട്ട് എന്ന് മനസ്സിൽ തീരുമാനം എടുത്തു യാത്ര തുടർന്നു, പോകുന്ന വഴിയിൽ മഴക്കോട്ടുകൾ  എവിടെയെങ്കിലും ഉണ്ടാവാതിരിക്കില്ല എന്ന പ്രതീക്ഷയിൽ. മംഗലാപുരം വരെ നീളുന്ന ഹൈവേയിൽ മഴയിലൂടെ ചീറി പായുന്ന ബസും, കാറുകളും, പിന്നെ നമ്മുടെ ബുള്ളറ്റും. യെദിയൂർ , ബേളൂർ ക്രോസ്  തുടങ്ങി ചെറു പട്ടണങ്ങളിൽ മഴക്കോട്ടുകൾ  അന്വേഷിച്ചു. പക്ഷെ  കിട്ടിയില്ല. പെട്രോൾ നിറയ്ക്കാൻ പമ്പിൽ കയറി, അവിടെ ചോദിച്ചപ്പോൾ , 50 കിമി കഴിഞ്ഞാൽ ചെന്നരായപ്പട്ടണം എത്തിയാൽ കിട്ടാൻ ചാൻസുള്ളൂ എന്ന പറഞ്ഞു. കൂടെ ഒരു ഉപദേശവും. ഇനി നിങ്ങൾക്ക് എന്തിനാ coat  എന്നു.  അത് ശെരിയായിരുന്നു. നനയാൻ ഒന്നും ബാക്കിയില്ല. 40  കിമി മഴയിലൂടെ യാത്ര തുടർന്ന് ഹിരിസവേ യിൽ എത്തി. അവിടെ നിന്നാണ് ശ്രവണബെലഗോളയിലേക്ക് തിരിയേണ്ടത്. മഴയ്ക്ക് ചെറിയൊരു ശമനം. . വീണ്ടും ഗ്രാമപ്രദേശത്തിലൂടെ ഉള്ള യാത്ര.  വൈകിട്ട് ആറരയ്ക്ക് അമ്പലം അടയ്ക്കും.ഇവിടെ വരെ കഷ്ടപ്പെട്ട് എത്തിയിട്ട് അമ്പലം   അടച്ചാൽ വല്ലാത്ത നഷ്ടബോധം  തോന്നും.മഴ കാര്യമാക്കാതെ വേഗം വിട്ടു.   അഞ്ചര ആയപ്പോൾ  ശ്രവണബെലഗോളയിൽ  എത്തി.

 

ചെറിയൊരു പട്ടണമാണ്. ആ റോഡ് എത്തി ചേരുന്നത് വിന്ധ്യഗിരിയുടെ ചുവട്ടിൽ  ആണ്.   അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ കെ ആർ പെട്ട് , മേല്ക്കോട്ടെ വഴി മാന്ധ്യയിലേക്കോ അല്ലെങ്ക്ങ്കിൽ പാണ്ഡവ പുര വഴി ശ്രീരംഗപട്ടണത്തിലേക്കോ കയറാം.  ഇതിനു മുന്നേ ആ വഴി പോയത് ശ്രവണബെലഗോളയിൽ നിന്നും 20 കിമി അകലെയുള്ള മകവല്ലിയിലെ ഇന്ത്യ സിമെന്റ്സിന്റെ ഷുഗർ ഫാക്ടറിയിലേക്ക് ആയിരുന്നു .  അമ്പലത്തിലേക്ക് കയറുന്നതിനു മുന്നേ മഴക്കോട്ടുകൾക്ക് വേണ്ടി ചെറിയ രീതിയിൽ   ഒരു അന്വേഷണം നടത്തി.  പക്ഷെ കിട്ടിയില്ല.  ചാറ്റൽ മഴയുണ്ട് അപ്പോളും. വലിയൊരു കമാനം കടന്നു ഞങ്ങൾ അകത്തേയ്ക്ക് കയറി. ചെരുപ്പ്  സൂക്ഷിക്കാൻ ഏല്പിച്ചു നമ്മൾ  വിന്ധ്യഗിരിയുടെ പടവുകൾ കയറാൻ തുടങ്ങി.3000 അടി ഉയരവും 600  പടവുകൾ ഉണ്ടെന്നാണ് ഞൻ എവിടെയോ വായിച്ചത്.  മഴ ആയതു കാരണമാവും കയറാൻ വളരെ കുറച്ച പേരെ ഉണ്ടായിരുന്നുള്ളു. . ഇറങ്ങാൻ കുറച്ച അധികം  ആളുകൾ ഉണ്ടായിരുന്നു.

 

പതിയെ പതിയെ നമ്മൾ കയറി തുടങ്ങി .  ഇടയ്ക്ക് കിതയ്ക്കാൻ തുടങ്ങിയെങ്കിലും എവിടെയും നമ്മൾ  നിന്നില്ല. തുടർന്ന് കൊണ്ടേയിരുന്നു. പിന്നിലേയ്ക്ക് നോക്കുമ്പോ കണ്ടകാഴ്ച വളരെ മനോഹരമായിരുന്നു. ശ്രവണബെലഗോള പട്ടണവും, കുളവും, അരികിൽ തന്നെയുള്ള  ചന്ദ്രഗിരി കുന്നും.

 

പടവുകൾക്ക് ഒരവസാനം ഇല്ലേ എന്ന തോന്നി തുടങ്ങി. കൊത്തു പണികൾ നിറഞ്ഞ  ഗോപുരങ്ങൾ കടന്നു കൊണ്ട് നമ്മൾ പടവുകൾ കയറിക്കൊണ്ടേയിരുന്നു.

 

മുകളിൽ എത്താനായി എന്ന് തോന്നി തുടങ്ങി. പുനരുദ്ധാരണ പ്രവർത്തങ്ങൾ നടക്കുന്നുണ്ടെന്ന്  തോന്നുന്നു. 12  കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന  മഹാമഷ്ടാഭിഷേകം നടന്നിട്ട് 4  മാസം കഴ്ഞ്ഞു. അതിന്റെ ബോർഡുകൾ ഇപ്പോളും അവിടെ കാണാം. പ്രധാന ഗോപുരം കടന്നു ഞങ്ങൾ ഉള്ളിൽ എത്തി. അതോടെ നമ്മുടെ മുന്നിൽ ലോകത്തിലെ തന്നെ  ഏറ്റവും വലിയ ഒറ്റ കല്ലിൽ തീർത്ത , 1800 വർഷം പഴക്കമുള്ള ശിൽപം കാണാനായി. 60 അടിയാണത്രെ ഉയരം പറയുന്നത്.

ഇന്റെനെറ്റിലെ സെർച്ചുകളിൽ കണ്ട നിറമല്ല  ഇപ്പോ പ്രതിമയ്ക്ക് ഉള്ളത്. ചുവന്നു   നിറമാണ് പ്രതിമയ്ക്ക്. ഒരു പക്ഷെ ഒരു മാസത്തോളം നീണ്ട അഭിഷേകത്തിട്നെ ഫലമായിട്ടാവും ഇപ്പോളുള്ള ഈ നിറമാറ്റം. ഒരു വിടർന്ന താമരയിൽ നിൽക്കുന്ന ബാഹുബലി. പിന്നിലായി ഉറുമ്പിന്റെ   ഒരു പുറ്റും , ബാഹുബലിയുടെ  കാല് മുതൽ കൈകൾ വരെ നീളുന്ന വള്ളിപ്പടർപ്പുകളും കൊത്തിവെച്ചിരിക്കുന്നു.  ബാഹുബലിയുടെ ഇടവും വലതുമായി സേവകരായി യക്ഷനും യാക്ഷിയും .. പ്രതിമയുടെ പിറകുവശത്തായി ജൈന തീർത്ഥാടകരുടെ ശില്പങ്ങൾ കൊത്തിവെച്ചിരിക്കുന്ന മണ്ഡപവും. ഓരോ ചുവരിലും തൂണിലും കൊത്തുപണികൾ. നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള ശില്പികളുടെ പ്രാവിണ്യം നമുക്ക് മനസ്സിലാക്കി തരുന്നു. ആധുനിക യുഗത്തിലെ ചിലരുടെ കൈക്രിയകളും  പ്രേമകുറിപ്പുകളും  പടികൾ കയറുമ്പോൾ കാണാൻ കഴിയും. വടക്കേ ഇന്ത്യയിൽ നിന്നാണ് അധികം ആൾക്കാരും.ഗുജറാത്ത് , രാജസ്ഥാൻ, ഉദയ്‌പൂർ, ഭാഗങ്ങളിൽ നിന്നും.
ദർശന സമയം കഴിയാറായി എന്ന് തോന്നുന്നു. ജൈന മതക്കാർ കൂടുതലും മഹാരാഷ്ട്ര ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആണല്ലോ. ചിലർ സെൽഫി എടുക്കുന്ന തിരക്കിൽ. ഒരു ദേവാലയമായതിനാൽ, സെൽഫിയിൽ എനിക്ക് താല്പര്യം വന്നില്ല. എന്നാലും അവളുടെ നിര്ബന്ധ പ്രകാരം ശില്പത്തിന്റെ രണ്ടു മൂന്ന് ചിത്രങ്ങൾ മാത്രം എടുത്തു. ഗോപുരത്തിന്റെ ഒരു വശത്തു, അന്നത്തെ ഭണ്ഡാരം വരവ് എണ്ണി തിട്ടപ്പെടുത്തുന്നുണ്ട്. .തിരികെ ഇറക്കം. ഒരു പക്ഷെ അതാവും കയറിയതിനേക്കാൾ ബുദ്ധിമുട്ടു. ഇറങ്ങുന്നതിന്റെ  ഇടയിൽ ചിലർ തിരിഞ്ഞു നിന്ന് കൊണ്ട് ഇറങ്ങുന്നത്  കണ്ടു.

അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് അങ്ങിനെ ഇറങ്ങുമ്പോൾ കാലുകൾക്ക് തീരെ ആയാസം ഉണ്ടാവില്ല എന്നാണ്. നമ്മൾ  മഴ ആയതിനാൽ ആ ഒരു പരീക്ഷണത്തിന് മുതിർന്നില്ല.

 

ഇറങ്ങുന്നതിന്റെ ഇടയ്ക്ക് അത്  ശ്രദ്ധയിൽ പെട്ടു.  പടവുകളുടെ വശങ്ങളിലായിട്ട് ചില്ലു കൊണ്ട് ചില ഭാഗങ്ങൾ സംരക്ഷിക്കപ്പെട്ടിരുക്കുന്നത്. കന്നടയിൽ മറ്റുമായിയുള്ള പുരാ  ലിഖിതങ്ങൾ ആയിരുന്നു അത്. അര മണിക്കൂർ  എടുത്തു നമ്മൾ താഴെ എത്തി. ചെരുപ്പുകൾ തിരിച്ചു വാങ്ങി ഒരു പ്രാവശ്യം കൂടി മഴക്കോട്ട് അന്വേഷിച്ച നടന്നു. ഭാഗ്യവശാൽ ഒരു കടയിൽ  ഇത് കണ്ടു. പേശാനൊന്നും  നിൽക്കാതെ രണ്ടു പേർക്കും ഓരോന്നു വാങ്ങി നമ്മൾ തിരിച്ചുള്ള യാത്ര തുടങ്ങി. അപ്പോൾ സമയം ആറര ആയി. മാണ്ട്യ വഴി പോകണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. നേരം ഇരുട്ടി തുടങ്ങിയതുകൊണ്ടു അത്ര പരിചയമില്ലാത്ത നാട്ടു വഴികളിലൂടെയാണ് പോകേണ്ടതും എന്നുള്ളതുകൊണ്ടും വേണ്ടെന്ന് വെച്ചു.മഴ ചതിച്ചില്ലായിരുനെങ്കിൽ മേല്ക്കോട്ടയിലെ ചെലവ്‌നാരായണ ക്ഷേത്രവും,  രായ ഗോപുരവും പരിസരവും  കണ്ടിട്ടേ നമ്മൾ തിരിക്കുമായിരുന്നുള്ളു. 

രായ ഗോപുര, മേല്ക്കോട്ടെ, കടപ്പാട്: ഇന്റർനെറ്റ്

മുൻപ് പല തമിഴ് / മലയാളം / ഹിന്ദി സിനിമകളിലും, ഗാനരംഗങ്ങളിലും കാണപ്പെട്ട സ്ഥലങ്ങളാണ്  അത്.

നമ്മൾ വന്ന വഴിയേ താനേ പോകാൻ തീരുമാനിച്ചു . അര മണിക്കൂർ കൊണ്ട് ഹിരിസാവ് ജംഗ്ഷനിൽ എത്തി. ബെംഗളൂരു  ഭാഗത്തേക്ക് യാത്ര തുടർന്ന്.ചാറ്റൽ മഴയും, എതിരെ നിന്ന് വരുന്ന വണ്ടികളുടെ വെളിച്ചവും, ബ്രേക്കിനെ കുറിച്ചുള്ള ആധിയും  ബുള്ളറ്റിന്റെ വേഗത കുറച്ചു.ഹൈവേ ആണെങ്കിലും പ്രധാന ജംഗ്ഷനുകളിൽ മാത്രമേ തെരുവ് വിളക്കുകൾ ഉള്ളു.  കിറിസവേയിലെയും  ബെള്ളൂർ ക്രോസ്സിലെയും ,ടോളുകൾ കടന്നു നമ്മൾ ഓരം ചേർന്ന് യാത്ര തുടർന്നു.. ഇടയ്ക്ക് തെറ്റായ ദിശയിലൂടെ ഇരുചക്രവാഹങ്ങളും , നായ്യ്കളുമെല്ലാം നമ്മളെ അപകടത്തിലാക്കാൻ ശ്രമം നടത്തുണ്ട്. യാതൊരു വിധ സുരക്ഷാ ക്രമീകരണവും ഇല്ലാതെ  ഇത് പോലെ ഒരു യാത്രയ്ക്ക് ഇറങ്ങരുത് എന്ന ഞാൻ  മനസ്സിലാക്കി. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചാണ് യാത്ര ചെയ്തോണ്ടിരുന്നത്. എങ്ങനെയെങ്കിലും  ബെംഗളൂരു  നഗരപ്രാന്തത്തിൽ എത്തിയാൽ മതി . രണ്ടു മാസം മുന്നേ കാറിൽ നാട്ടിലേക്കുള്ള യാത്ര മദ്ധ്യേ , ചെന്നപ്പട്ടണയിൽ വെച്ച് കല്ലേറ് കൊണ്ട് ചില്ലു തകർന്ന  ഷോക്ക് മായുന്നതിനു മുന്നേ , ഇവളെയും കൊണ്ട് ഇങ്ങനൊരു യാത്ര വേണമായിരുന്നോ എന്ന എനിക്ക് തോന്നി തുടങ്ങി. 

അന്ന് കാറിന്റെ സ്പീഡ് കാരണം ആകാം, എറിഞ്ഞ ആൾക്ക് ലക്ഷ്യസ്ഥാനം തെറ്റിയത് കൊണ്ട്, വേറെ ഒന്നും പറ്റിയില്ല. രാത്രി 9 മണിക്ക് , കാട് അടയ്ക്കുന്നതിന് മുന്നേ എത്താനുള്ള പാച്ചിൽ ആയിരുന്നല്ലോ അത്. നമ്മുടെ മേൽ പതിച്ച ചില്ലിൻ കഷ്ണങ്ങൾ മാറ്റാൻ വേണ്ടി അറ മണിക്കൂർ റോഡരികിൽ ചിലവഴിക്കേണ്ടി വന്നു. പിന്നെ 100 ഇൽ കുറയാതെ പോയിട്ടാണ്, 2 മണിക്കൂർ കൊണ്ട് ചെക്ക് പോസ്റ്റ് എത്തിയതും, ഫോറെസ്റ് വാർഡിന്റെ കാലു പിടിച്ചു കാട് കടക്കാൻ സമ്മതിച്ചതും.

 

എന്നാലും  അങ്ങ് ശ്രവണബെലഗോളയിൽ കണ്ട കാഴചകൾ മനസ്സിൽ മിന്നി മറഞ്ഞു വന്നപ്പോൾ അതെല്ലാം മറന്നു. . സമയം എട്ടരയായി, ഏതാണ്ടു 60 കിമി പിന്നിട്ടപ്പോൾ  , നമ്മൾ  ഹോട്ടലിൽ കയറാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് കയറിയ കമ്മത് ഹോട്ടലിന്റെ എതിർ വശത്തായിട്ട് EMPIRE Hotel കണ്ടു. ബുള്ളറ്റിനും നമ്മുക്കും ഒരു റസ്റ്റ് വേണമെന്ന് തോന്നി.ഭക്ഷണത്തിനു ശേഷം ഞൻ  മാപ്പിൽ ഏകദേശം ദൂരം നോക്കി. സമയം ഒൻപതര ആയി.   ഇനിയുള്ള 80 കിമി,  കിട്ടുന്ന വേഗത്തിൽ തന്നെ പോകാൻ തീരുമാനിച്ചു.  മഴയ്ക്ക് ശമനമായെങ്കിലും നമ്മൾ സഞ്ചരിക്കുന്ന ട്രാക്കിലെക്ക് തടസങ്ങൾ  വന്നു കൊണ്ടേയിരുന്നു. നായ്ക്കൾ ആളാണ് അധികവും. ശ്രദ്ധിക്കാതെ വെട്ടിച്ചാൽ , പിന്നിൽ നിന്നും  പാഞ്ഞു വരുന്ന ബസുകളും കാറും നമ്മളെ ചിലപ്പോൾ തട്ടിയിടും. ഹൈവേയുടെ സ്വഭാവം വെച്ചിട്ട്  ഇടിച്ചവർ ഒന്നും സംഭവിക്കാത്ത പോലെ പോകും. അതിനാൽ തന്നെ  40 -50 സ്പീഡ്  പരിമിതപ്പെടുത്തിയാണ് പോയികൊണ്ടിരുന്നത്. ബ്രേകിലും ഒരു ശ്രദ്ധ വേണമല്ലോ. നെലമംഗലയ്ക്ക് 10 കിമി എത്തുന്നതിനു മുന്നെയാണ് ആനകളുണ്ട് എന്ന ഒരു ചെറിയ ബോർഡ് ശ്രദ്ധയിൽ പെട്ടത്. എല്ലാം തികഞ്ഞു എന്ന മനസിൽ വിചാരിച്ചു.  വിജനമായ ഹൈവേ പിന്നിട്ടു , പത്തേമുക്കാലോടു കൂടി നമ്മൾ നെലമംഗലയിൽ എത്തി. ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു നഗരത്തിലേക്ക് യാത്ര തുടർന്നു .  സാമാന്യം  നല്ല  തിരക്കുണ്ട്. . തുംകൂർ  റോഡിലെ ടോൾ  ഗേറ്റുകളിൽ എല്ലാം നല്ല തിരക്ക്. ഇരുചക്ര വാഹനം ആയതുകൊണ്ടുള്ള ഒരു അഡ്വാൻറ്റേജ് , ടോൾ  ഗേറ്റുകളിൽ  കുടുങ്ങാതെ രക്ഷപെടാൻ  കഴ്ഞ്ഞു. നൈസ് റോഡ്  വഴി കയറി മൈസൂർ  റോഡ് കയറണോ  എന്ന ഒരു നിമിഷം ചിന്തിച്ചു. വേണ്ട, നേരെ തന്നെ പോകാമെന്നായി . ദാസറഹള്ളി കടന്നു , ജാലഹള്ളി ക്രോസിൽ നിന്ന് വലത്തോട്ട് തിരഞ്ഞു, ഇൻഡസ്ട്രിയൽ ഏരിയ വഴി  ഔട്ടർ റിങ് റോഡിലേക്ക് കയറി. പിന്നെ 10 മിനിറ്റ് , നേരെയുള്ള റോഡ്. നാഗർഭാവിയിലേക്ക്. . സമയം 11 ആയപ്പോ നമ്മൾ വീടണഞ്ഞു. പാലും മീനും വാങ്ങുവാൻ വീട്ടിൽ നിന്നിറങ്ങി , ആദ്യമായി ഒരു ലോങ്ങ് ഡ്രൈവ് ചെയ്തതും, യാത്ര ചെയ്ത 375 കിമിയിൽ കണ്ട കാഴ്ചകളും ,  നേരിട്ട അനുഭവങ്ങളും എല്ലാമോർത് ഉറങ്ങാൻ കിടന്നു. ഇനിയൊരു യാത്ര ഉണ്ടെങ്കിൽ, അത് നല്ലവണ്ണം പ്ലാൻ ചെയ്തു ,ക്യാമറയും മറ്റു റൈഡിങ് ഗിയറുകളുമായി നടത്തണം എന്ന ദൃഡനിശ്ചയത്തോടെ.

Leave a Reply

Your email address will not be published.